കൊട്ടിയൂർ: വയനാടിനേയും കണ്ണൂരിനേയും തമ്മിൽ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ പാതയ്ക്കായി ഒന്നായി നീങ്ങാൻ ഇരു ജില്ലകളിലേയും ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഇന്നലെ കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയിയെ ചെയർ പഴ്സൻ ആയും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പൂടാകത്തെ കൺവീനറായും തിരഞ്ഞെടുത്തു. യോഗത്തിൽ റോയ് നമ്പൂടാകം അധ്യക്ഷനായിരുന്നു പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുധാകരൻ, മാനന്തവാടി നഗരസഭ ചെയർപഴ്സൻ സി.കെ. രത്നവല്ലി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, കേളകം പഞ്ചായത്തംഗം ബിജു ചാക്കോ, എസ്‌എൻഡിപി ശാഖ യോഗം പ്രസിഡൻ്റ് പി തങ്കപ്പൻ, ഡിസിസി സെക്രട്ടറി പി.സി രാമകൃഷ്ണൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.പി.ബാബു എഎപി പ്രതിനിധി ടി.ടി.സ്‌റ്റീഫൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ, കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി ജോൺ മഞ്ചുവള്ളിൽ കൊട്ടിയൂർ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളിലെ മറ്റ് ജനപ്രതിനിധികളും എംപിമാരുടെയും എംഎൽഎയുടേയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു
പ്രകൃതി ദുരന്തങ്ങൾ പതിവായ സാഹചര്യത്തിൽ അടിയന്തിര ഇടപെടലുകൾക്ക് കണ്ണൂർ വയനാട് ജില്ലകൾക്ക് ബന്ധപ്പെടാൻ സുഗമമായ റോഡ് എന്ന നിലയിൽ ചുരമില്ലാ പാത നിർമിക്കേണ്ടത് ഭാവിയിലേക്ക് അനിവാര്യമാണ്.
കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെടാൻ നിർമിക്കുന്ന പാതയുടെ പൂർണ ഉപയോഗം സാധ്യമാകണം എങ്കിൽ മുഴുവൻ ദൂരവും നാല് വരി പാതയായി നിർമിക്കണം.
അതിന് ഏറ്റവും ചെലവ് കുറവുള്ളതും സുഗമവുമായ റോഡെന്ന നിലയിൽ ചുരമില്ലാ പാത ഏറ്റെടുക്കണം. . ഈ പാത കടന്നു പോകുന്ന ഭൂമി മുൻപ് കൊട്ടിയൂർ പഞ്ചായത്ത് ലീസ് നൽകി കൈവശം വച്ചിരുന്നതാണ് കൂടാതെ വയനാട്ടിലെ ജന്മിയായിരുന്നു മാധവൻ മേസ്ത്രിയുടെ കൈവശ ഭൂമി മിച്ചഭൂമിയാക്കി പിടിച്ചെടുത്ത ശേഷം വെസ്‌റ്റഡ് വനവും റിസർവ് വനവും ആക്കിയതാണ് അതിനു മുൻപും ഈ പാത വിവിധ അദിവാസി സമൂഹങ്ങൾ ഉപയോഗിച്ചിരുന്നതാണ് എന്ന സാധ്യത കൂടി പരിഗണിക്കേണ്ടതുണ്ട്.
വനം നിയമങ്ങളിൽ തന്നെ റോഡിന് അനുകൂലമായ സാധ്യതകൾ ഏറെയുണ്ട്. യൂസർ ഏജൻസിയെ നിശ്ചയിച്ച് റോഡിനായി അനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാരിനെ എല്ലാവരും യോജിച്ച് സമീപിക്കും കൂടാതെ ഇരു ജില്ലകളിലേയും എംപിമാരുടെയും എംഎൽഎമാരുടെയും നേത്യത്വത്തിൽ റോഡിനായി ശ്രമിക്കും. സംസ്ഥാനം ആവശ്യപ്പെട്ടാൽ റോഡിനുള്ള ഭൂമി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പഞ്ചായത്ത് പ്രസിഡൻ്റിനേയും വിവിധ കക്ഷി നേതാക്കളേയും അറിയിച്ചിരുന്നതാണ്. റോഡിനായുള്ള പരിശ്രമം തുടരുന്നതിനായി യോഗത്തിൽ പങ്കെടുത്തവരെ ചേർത്ത് സമിതി രൂപീകരിക്കുകയും ചെയ്തു.
Kannur - Wayanad people's representatives gathered for a 4-lane road without a pass. Now?